ഷിംല: ഹിമാചൽ പ്രദേശിലെ സഞ്ജൗലി മസ്ജിദിൻ്റെ മൂന്ന് നിലകൾ പൊളിക്കാൻ ഷിംല മുനിസിപ്പൽ കമ്മീഷണർ കോടതി ശനിയാഴ്ച ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റിക്കും വഖഫ് ബോർഡിനും പൊളിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കോടതി രണ്ട് മാസത്തെ സമയം അനുവദിച്ചു. കേസിൽ അടുത്ത വാദം ഡിസംബർ 21നാണ്.

നേരത്തെ, ഷിംലയിലെ ധല്ലി പ്രദേശത്ത് അനധികൃതമായി മസ്ജിദ് നിർമ്മിച്ചുവെന്നാരോപിച്ചായിരുന്നു ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. മസ്ജിദിലെ അനധികൃത നിർമാണത്തിനെതിരെ നാട്ടുകാരും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ അനധികൃത ഭാഗം മുദ്രവെക്കുകയോ പൊളിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ക്ഷേമ സമിതിയുടെ പ്രതിനിധികൾ ഷിംലയിലെ മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികൾ കമ്മീഷണർ ഭൂപേന്ദർ കുമാർ അട്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

2010-ൽ ഒരു വ്യാപാര സ്ഥാപനമുണ്ടായിരുന്നിടത്ത് മസ്ജിദ് നിർമാണം തുടങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പലതവണ നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. മസ്ജിദ് 6750 ചതുരശ്ര അടിയായി വികസിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. പള്ളിയിരിക്കുന്ന ഭൂമി ഹിമാചൽ പ്രദേശ് സർക്കാരിന് അവകാശപ്പെട്ടതാണെന്നും പരാതിയിൽ പറയുന്നു.

അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് 2010 മുതൽ 45 ഹിയറിംഗുകൾ നടന്നു. സെപ്തംബർ ഏഴിന് ഇത്റഗുമായി സംബന്ധിച്ച് മുനിസിപ്പൽ കമ്മീഷണറുടെ ഓഫീസിൽ ഹിയറിങ് നടന്നിരുന്നു. പല തവണ വിഷയത്തെ പറ്റി ചർച്ച നടന്നെങ്കിലും അന്തിമമായ തീരുമാനം ഉണ്ടായിരുന്നില്ല. ഇക്കാലയളവിൽ ഇരുനില കെട്ടിടമായിരുന്ന മസ്ജിദ് അഞ്ച് നിലകളുള്ള കെട്ടിടമായി മാറിയിരുന്നു. എന്നിട്ടും നടപടികൾ ഉണ്ടാകാതിരുന്നതോടെയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.