പോർബന്തർ: ഗുജറാത്ത് തീരത്ത് പോർബന്തർ സുഭാഷ് നഗർ ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ഇന്ന് രാവിലെയാണ് ജാംനഗർ ആസ്ഥാനമായുള്ള എച്ച്‌ആർഎം & സൺസ് എന്ന കപ്പൽ കമ്പനിയുടെ കപ്പലിൽ തീ പടർന്നത്. 950 ടൺ അരിയും 100 ടൺ പഞ്ചസാരയുമാണ് കപ്പലിൽ നിറച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് കപ്പൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഉൾക്കടലിലേക്ക് മാറ്റി നിർത്തി. കപ്പലിന്റെ എഞ്ചിൻ റൂമിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പ്രദേശമാകെ കനത്ത പുക നിറഞ്ഞു.

സംഭവമറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന, തുറമുഖ അധികൃതർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആളപായമില്ല എന്നത് ആശ്വാസകരമാണ്. കപ്പലിലെ ചരക്കുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.