മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശനത്തിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി ഷിന്‍ഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് രംഗത്ത്. കോണ്‍ഗ്രസിനെ നായ്ക്കളോട് ഉപമിച്ച ശേഷം തന്റെ പരിപാടിയിലേക്ക് വരുന്ന കോണ്‍ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എംഎല്‍എ യുടെ വാക്കുകള്‍, എന്റെ പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നായ്ക്കള്‍ കടന്നുവരാന്‍ ശ്രമിച്ചാല്‍ അവരെ ഞാന്‍ അവിടെതന്നെ സംസ്‌കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കൊപ്പം ഗെയ്ക്വാദ് പങ്കെടുക്കുന്ന പരിപാടിയെ സംബന്ധിച്ചായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. നേരെത്തെ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ സഞ്ജയ് ഗെയ്ക്വാദാനിനെതിരെ ബുല്‍ദാന പോലീസ് കേസെടുത്തിരുന്നു.

അന്ന് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയായിരിന്നു ഭീഷണി ഉയര്‍ത്തിയത്. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.