ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഥുർ വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ തെലങ്കാന സ്വദേശി കെ ഗണേശിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

തെലങ്കാന സ്വദേശി കെ ഗണേശിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗണേശിനെ വീട്ടിൽ നിന്ന് വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെയോടെയാണ് ഗണേശിന്റെ വീട്ടുകാർ പൊലീസുമായി ബന്ധപ്പെട്ടത്. തുടർന്ന് ഗണേശ് താമസിച്ചിരുന്ന മഥുർ വിഹാറിലെ ഫ്‌ളാറ്റിലെത്തി പൊലീസ് അന്വേഷിക്കുകയായിരുന്നു.

അകത്തുനിന്നും വാതിൽ പൂട്ടിയ നിലയിലായിരുന്നു ഫ്‌ളാറ്റ്. ബാൽക്കണി വഴി ഒന്നാംനിലയിലേക്ക് ചാടികയറിയ പൊലീസ് ജനൽ തുറന്നപ്പോഴാണ് ഗണേശ് മരിച്ചു കിടക്കുന്നത് കണ്ടത്. മടിയിൽ തോക്കിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.