നോയിഡ: ജീവനക്കാരുടെ ആരോഗ്യത്തിനോ മാനസികാവസ്ഥയ്ക്കോ പരിഗണന നൽകാത്ത തൊഴിലിടങ്ങളിലെ 'ടോക്സിക്' സംസ്കാരം വീണ്ടും ചർച്ചയാകുന്നു. നോയിഡയിലെ ഒരു സാസ് (SaaS) സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന യുവാവ് റെഡിറ്റിൽ പങ്കുവെച്ച തന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസുഖം കാരണം അവധിക്ക് അപേക്ഷിച്ച തന്നോട് കമ്പനി സ്ഥാപകൻ കാണിച്ച മനുഷ്യത്വമില്ലാത്ത സമീപനമാണ് യുവാവ് തുറന്നുപറഞ്ഞത്.

റെഡിറ്റിലെ 'r/IndianWorkplace' എന്ന ഗ്രൂപ്പിലാണ് യുവാവ് തനിക്ക് ലഭിച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട് സഹിതം കുറിപ്പ് പങ്കുവെച്ചത്. താൻ താമസിക്കുന്ന സ്ഥലത്ത് രാത്രി മുഴുവൻ വൈദ്യുതി ഇല്ലാത്തതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അതിന്റെ ക്ഷീണവും ശാരീരിക അസ്വസ്ഥതയും കാരണം ജോലിക്ക് വരാൻ കഴിയില്ലെന്നും കാട്ടി ഇയാൾ രാവിലെ എച്ച്.ആർ (HR) വിഭാഗത്തിന് മെയിൽ അയക്കുകയായിരുന്നു.

മെയിൽ ലഭിച്ചതിന് പിന്നാലെ കമ്പനി ഉടമ എച്ച്.ആറിന് നൽകിയ മറുപടിയാണ് ജീവനക്കാരനെ ഞെട്ടിച്ചത്. "ഇത് ശമ്പളമില്ലാത്ത അവധിയായി (Unpaid Leave) രേഖപ്പെടുത്തിയാൽ മതി. അന്നേ ദിവസം ചോദിക്കുന്ന അവധികൾ അനുവദിക്കരുത്," എന്നായിരുന്നു ഉടമയുടെ കർക്കശമായ നിർദ്ദേശം.

ഇതുകൊണ്ടും അവസാനിച്ചില്ല; ഉടമ ഉടൻ തന്നെ ജീവനക്കാരനെ ഫോണിൽ വിളിക്കുകയും ചെയ്തു. തനിക്ക് അസുഖമാണെന്ന് യുവാവ് ആവർത്തിച്ച് പറഞ്ഞിട്ടും, "നിന്റെ സംസാരം കേട്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ" എന്നായിരുന്നുവത്രെ ഉടമയുടെ പരിഹാസം കലർന്ന മറുപടി. കഴിഞ്ഞ ആറ് മാസത്തിനിടയിൽ താൻ എടുക്കുന്ന രണ്ടാമത്തെ അവധി മാത്രമാണിതെന്ന് യുവാവ് നിരാശയോടെ പോസ്റ്റിൽ കുറിച്ചു.