ന്യൂഡൽഹി: കർണാടകത്തിലെ പാൽ രാഷ്ട്രീയം മുറുകവേ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കർണാടക മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കർണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമുൽ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയിൽ ഉറച്ചുനിൽക്കണം. അമുൽ കർണാടകയിൽ കടന്ന് വന്ന് പ്രാദേശിക കർഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിർക്കും. താൻ മുഖ്യമന്ത്രിയായാൽ അമുൽ പാൽ വാങ്ങരുതെന്ന് താൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും ഇന്ത്യ ടുഡേ കർണാടക റൗണ്ട് ടേബിൾ 2023ൽ ശനിയാഴ്ച സംസാരിക്കവെ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. താൻ ഏകാധിപതിയല്ലെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളോടും മന്ത്രിസഭയോടും കൂടിയാലോചിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾക്ക് ബിജെപിയെ മടുത്തുവെന്നും കർണാടക മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.