ഇൻഡോർ: സിന്ദൂരമണിയേണ്ടത് വിവാഹിതയായ സ്ത്രീയുടെ കടമയാണെന്ന വിചിത്ര പരാമർശവുമായി മധ്യപ്രദേശ് കുടുംബകോടതി. അഞ്ച് വർഷമായി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയോട് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാനും കോടതി നിർദേശിച്ചു.

അഞ്ച് വർഷം മുമ്പ് ഭാര്യ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇൻഡോർ കുടുംബകോടതിയുടെ നിർദ്ദേശം. വിവാഹം കഴിഞ്ഞ സ്ത്രീ സിന്ദൂരം അണിയേണ്ടത് മതപരമായ ബാധ്യതയാണെന്നും വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നുമാണ് കോടതിയുടെ നിരീക്ഷണം.

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുള്ളതിനാലാണ് ബന്ധം പിരിഞ്ഞതെന്ന് യുവതി ആരോപിച്ചെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ കോടതി പരിഗണിച്ചില്ല.