ജയ്പൂർ: പാമ്പുകടിയേറ്റ് ഒരു തവണ രക്ഷപ്പെട്ടയാൾ അഞ്ചാം ദിവസം പാമ്പുകടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 44 കാരനായ ജസബ് ഖാൻ ആണ് മരിച്ചത്. പാമ്പ് കടിയേറ്റ് ജസബിനെ ജൂൺ 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ജസബിനെ ജൂൺ 26ന് വീണ്ടും പാമ്പു കടിയേറ്റു. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിരിക്കെയാണ് മരണം സംഭവിച്ചത്.

ആദ്യ തവണ കണങ്കാലിനാണ് കടയേറ്റത്. ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ജൂൺ 25ന് മടങ്ങി വന്ന ജസബിനെ അടുത്ത ദിവസം അടുത്ത കാലിൽ വീണ്ടും പാമ്പ് കടയേൽക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവികതയുള്ളതിനാൽ ജസബിന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ മരുഭൂമി പ്രദേശത്ത് കണ്ടുവരുന്ന വിഷപ്പാമ്പാണ് ജസബിനെ രണ്ട് തവണയും കടിച്ചത്.

ആദ്യ തവണയുണ്ടായ പാമ്പുകടിയിൽ നിന്നും രക്ഷപ്പെട്ട് സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് രണ്ടാം തവണയും പാമ്പ് കടിയേറ്റത്. അതുകൊണ്ടാണ് വിഷം അതിജീവിക്കാൻ സാധിക്കാതിരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അഞ്ച് മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് ജസബിന്റെ കുടുംബം.