മുംബൈ: മുംബൈ-സോലാപുർ വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട കേസിൽ മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെ (Jagan Arjun Bhale) അറസ്റ്റിൽ. ഫെബ്രുവരി 14-ന് സെൻട്രൽ റെയിൽവേ ആർ.പി.എഫ്. (RPF) ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 2025 ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രെയിൻ നമ്പർ 22225-ലെ സി-16 കോച്ചിലെ ശുചിമുറിയിലാണ് യാത്രക്കാർ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിൽ എത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടുകയായിരുന്നു.

ആർ.പി.എഫ്. നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ജഗൻ അർജുൻ ഭാലെയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ പ്രതിയെ കണ്ടെത്താൻ നിർണായക തെളിവായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങളെ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.