സിംല: ഹിമാചല്‍ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം 1,250ഓളം റോഡുകള്‍ അടച്ചുപൂട്ടി. റോഡുകള്‍ അടച്ചത് സാധാരണ ജന ജീവിതത്തെ സാരമായി ബാധിച്ചു. റോഡ് ബന്ധം പുനഃസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് റോഡുകള്‍ അടച്ചുതുടങ്ങിയത്. അവ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഹിമാചല്‍ പ്രദേശിലുടനീളം വിവിധ സ്ഥലങ്ങളില്‍ സ്‌നോ ബ്ലോവറുകളും ജെസിബി മെഷീനുകളും വിന്യസിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. മഞ്ഞുവീഴ്ച ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും, വളരെക്കാലത്തിന് ശേഷമുണ്ടായ മഞ്ഞുവീഴ്ച ആശ്വാസം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വാദിച്ചു.

'സംസ്ഥാനത്തെ ജനങ്ങള്‍ വളരെക്കാലമായി മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചിരുന്നു, അത് നല്ല അളവില്‍ സംഭവിച്ചു. എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറയുന്നു, കാരണം ഇത് വരാനിരിക്കുന്ന വിളകള്‍ക്ക് ഗുണം ചെയ്യുമെന്ന വിചിത്ര വാദവും മന്ത്രി പങ്കുവച്ചു. റോഡുകള്‍ വൃത്തിയാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷപെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

റോഡ് അടച്ചിട്ടിട്ടും, ഗതാഗതക്കുരുക്കുകളും, കാലാവസ്ഥാ മുന്നറിയിപ്പുകളും ഉണ്ടായിരുന്നിട്ടും വിനോദസഞ്ചാരികള്‍ മഞ്ഞുവീഴ്ച ആസ്വദിക്കാനായി സംസ്ഥാനത്തെത്തുന്നത് തുടരുകയാണ്. വരും ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശീയരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.