- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാർ ഇടിച്ച് ബിജെപി പ്രവർത്തകന് ദാരുണാന്ത്യം
ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ബിജെപി പ്രവർത്തകൻ മരിച്ചു. ബെംഗളൂരുവിലെ കെ.ആർ പുരത്താണു സംഭവം. സ്ഥാനാർത്ഥിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ടി.സി പാളയം സ്വദേശി പ്രകാശ്(63) ആണു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചത്.
ബെംഗളൂരു നോർത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ശോഭ. ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു കെ.ആർ പുരത്തെ റോഡ് ഷോ. റാലി ദേവസാന്ദ്രയിലെ വിനായക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
മന്ത്രിയുടെ കാറിലുണ്ടായിരുന്ന ഒരു നേതാവ് ഡോർ തുറന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഇതുവഴി എത്തിയ സ്‌കൂട്ടർ ഡോറിൽ ഇടിച്ച് യാത്രികനായ പ്രകാശ് റോഡിലേക്കു വീണു. പിന്നാലെ എതിർവശത്തുനിന്ന് എത്തിയ ബസ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്തു വച്ചുതന്നെ പ്രകാശ് മരിച്ചെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ശോഭ കരന്ദലജെ കാറിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കാറിന്റെയും ബസിന്റെയും ഡ്രൈവർമാർക്കെതിരെ ഐ.പി.സി 304, 283 വകുപ്പുകൾ പ്രകാരം കേസെടുത്തു.