ഗുഡ്ഗാവ്: നോട്ടീസ് പീരിയഡും നിയമങ്ങളുമെല്ലാം വെറും പ്രഹസനമാണോ? ഒരു മെസ്സേജ് അയച്ചതിന്റെ പേരിൽ ജീവനക്കാരനെ അപ്പോൾത്തന്നെ ജോലിയിൽ നിന്ന് പുറത്താക്കാമോ? ഗുഡ്ഗാവിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. 'ദി 15' എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ നിഖിൽ റാണയാണ് തന്റെ വിചിത്രമായ നടപടി ന്യായീകരിച്ച് കുറിപ്പ് പങ്കുവെച്ചത്.

ഇന്ന് നടക്കാനിരിക്കുന്ന ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നും പകരം ഓൺലൈനായി ജോലിയിൽ സഹായിക്കാമെന്നും അറിയിച്ച ജീവനക്കാരന് നിഖിൽ നൽകിയ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. "നീ ഇനി പുറത്താണ്. ഇന്ന് നിന്റെ അവസാന പ്രവൃത്തിദിവസമായി കണക്കാക്കാം" എന്നായിരുന്നു നിഖിലിന്റെ തൽക്ഷണ മറുപടി. ഈ ചാറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പോസ്റ്റ് വൈറലായതോടെ നിഖിൽ റാണയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത് അങ്ങേയറ്റം 'ടോക്സിക്' ആയ പെരുമാറ്റമാണെന്നും ഉടമയുടെ അഹങ്കാരമാണ് ഇതിലൂടെ വെളിവാകുന്നതെന്നും പലരും കുറിച്ചു. "കഴിവുകൾക്ക് വിലയില്ലെങ്കിൽ 24 മണിക്കൂറും ഉടമ പറയുന്നതുകേട്ട് നിൽക്കുന്ന യന്ത്രങ്ങളെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്?" എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഒരു ജീവനക്കാരനെ പിരിച്ചുവിടുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെട്ടുവെന്നും, ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ മിടുക്കരായ ഉദ്യോഗാർത്ഥികളെ സ്റ്റാർട്ടപ്പുകളിൽ നിന്ന് അകറ്റുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൊഴിൽ സുരക്ഷയില്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.