- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ ഒരു ദിവസം പൊട്ടിക്കുന്നത് 8000 രൂപ; ഇന്ത്യൻ യുവതിയുടെ ചെലവ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; ഇതിലും കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുമെന്ന് കമന്റ്; വൈറലായി വീഡിയോ

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കോർപ്പറേറ്റ് പ്രൊഫഷണലിന്റെ ഒരു ദിവസത്തെ ചെലവുകൾ വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. സിന്ധു റെഡ്ഡി എന്ന യുവതി പങ്കുവെച്ച വീഡിയോയിൽ, ഓഫീസിൽ പോകുന്ന ഒരു സാധാരണ പ്രവൃത്തിദിവസം തനിക്ക് ഏകദേശം 130 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 8000 ഇന്ത്യൻ രൂപ) ചെലവാകുന്നുണ്ടെന്ന് വിശദീകരിക്കുന്നു. വിദേശ രാജ്യങ്ങളിലെ ജീവിതച്ചെലവുകളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും പ്രതികരണങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.
സിന്ധു തന്റെ ദിവസേനയുള്ള ചെലവുകൾ കൃത്യമായി വീഡിയോയിൽ രേഖപ്പെടുത്തുന്നുണ്ട്. രാവിലെ ഒരു കാപ്പിക്കും മുട്ടടോസ്റ്റിനുമായി 7 ഡോളറാണ് ആദ്യത്തെ ചെലവ്. ഉച്ചഭക്ഷണത്തിന് ഹൈ-പ്രോട്ടീൻ ചിക്കൻ റാപ്പും ഡയറ്റ് കോക്കും ഉൾപ്പെടെ 10 ഡോളർ ആകുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങിയതിന് 50 ഡോളറോളം ബില്ലായി. രാത്രി സുഹൃത്തുക്കളോടൊപ്പം ഒരു മെക്സിക്കൻ ബാറിൽ പോയപ്പോൾ ഭക്ഷണത്തിനും മോക്ക്ടെയിലുകൾക്കുമായി 50 ഡോളർ കൂടി ചെലവായി. ഇതോടെ ആ ദിവസത്തെ ആകെ ചെലവ് 130 ഡോളറിലെത്തിയെന്ന് സിന്ധു വിശദമാക്കുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ചിലർ സിന്ധുവിന്റെ ജീവിതശൈലിയെ പ്രശംസിച്ചപ്പോൾ, മറ്റു ചിലർ ഇത് അൽപ്പം ആഡംബരമാണെന്ന നിലപാടാണ് സ്വീകരിച്ചത്. "11 വർഷമായി മെൽബണിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, ഇതിലും കുറഞ്ഞ ചെലവിൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഒരാൾക്ക് ജീവിക്കാൻ കഴിയും," ഒരു കാഴ്ചക്കാരൻ കമന്റ് ചെയ്തു. "വിദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അറിവാണ്" എന്നും മറ്റു ചിലർ വിലയിരുത്തി. താൻ ഒരു അവിവാഹിതയായ പ്രൊഫഷണലായതുകൊണ്ടാണ് ഈ ജീവിതശൈലി സാധ്യമാകുന്നതെന്നും സിന്ധു വീഡിയോയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.


