- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സൗമ്യ വിശ്വനാഥന്റെ അമ്മ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഡൽഹി സർക്കാരിന് നോട്ടീസയച്ചത്.
നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഡൽഹി സർക്കാരിനോടും നാലു പ്രതികളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവരെ 2023 നവംബർ 25നാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവർക്കാണ് ഫെബ്രുവരി 12ന് ജാമ്യം അനുവദിച്ചത്.
2008 സെപ്റ്റംബർ 30ന് പുലർച്ചെ 3.30നാണ് ഇന്ത്യ ടുഡേ ഗ്രൂപ്പിന് കീഴിലുള്ള ഹെഡ്ലൈൻസ് ടുഡേയിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ (25) ജോലിക്കുശേഷം കാറിൽ മടങ്ങവേ കൊല്ലപ്പെട്ടത്. ആദ്യ നാല് പ്രതികൾ തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള നെൽസൺ മണ്ടേല മാർഗിൽ മറ്റൊരു കാറിൽ പിന്തുടർന്നെത്തി കൃത്യം നടത്തുകയായിരുന്നു. സൗമ്യയുടെ വാഹനവും കൊള്ളയടിച്ചു. തലയിൽ വെടിയേറ്റായിരുന്നു മരണം.
2009ൽ കോൾ സെന്റർ എക്‌സിക്യൂട്ടീവായിരുന്ന ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രവി കപൂർ, അമിത് ശുക്ല എന്നിവർ സൗമ്യയെ കൊലപ്പെടുത്തിയകാര്യം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. 2010ൽ മറ്റ് പ്രതികളെ പിടികൂടിയ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2016 ജൂലൈയിൽ വാദം പൂർത്തിയാക്കി. ഡൽഹി വസന്ത്കുഞ്ചിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥന്റെയും -മാധവിയുടെയും മകളാണ് സൗമ്യ.