ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന സൂചനയുമായി ജെഡിയു. ബിഹാറിന് പ്രത്യേക പദവി വേണമെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് ജെഡിയു എന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സാങ്കേതിക തടസമുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം.

ബിഹാറിന് പ്രത്യേക പദവി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് തങ്ങള്‍ ഈ മുന്നണിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

പ്രത്യേക പരിഗണന ആവശ്യമുള്ള സവിശേഷതകളുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രത്യേക പദവി നല്‍കിയിരുന്നു. അതിനു കൃത്യമായ മാനദണ്ഡങ്ങളുമുണ്ടായിരുന്നു. കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങള്‍, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതല്‍ ഭാഗം ഗോത്ര വിഭാഗങ്ങള്‍, അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതില്‍ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ, സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവ കണക്കാക്കിയാണ് പ്രത്യേക പദവി നല്‍കുന്നത്.

ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം റിപ്പോര്‍ട്ട് 2012 മാര്‍ച്ച് 30 ന് സമര്‍പ്പിച്ചിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.