ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി(എസ്എസ്എല്‍വി)ന്റെ സാങ്കേതികവിദ്യ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) കൈമാറും. ലേലത്തില്‍ എച്ച്എഎല്‍ വിജയിച്ചതോടെയാണ് സാങ്കേതിക വിദ്യാ കൈമാറ്റത്തിന് അനുമതിയായത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെത്തിക്കാന്‍ ഉപയോഗിക്കുന്ന ഉപഗ്രഹ സംവിധാനമാണ് എസ്എസ്എല്‍വി.

ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ ചെയര്‍മാന്‍ പവന്‍ ഗോയങ്കയാണ് ഇക്കാര്യം അറിയിച്ചത്. ഇത് ആദ്യമായാണ് ഐഎസ്ആര്‍ഒ റോക്കറ്റിന്റെ സമ്പൂര്‍ണ സാങ്കേതിക വിദ്യാ കൈമാറ്റം നടക്കുന്നത്. ഇത് സംബന്ധിച്ച് എച്ച്എഎല്‍, ഐഎസ്ആര്‍ഒ, എന്‍എസ്‌ഐഎല്‍, ഇന്‍-സ്‌പേസ് എന്നിവ തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കും. ഇനി എച്ച്എഎല്ലിന് സ്വന്തമായി റോക്കറ്റ് നിര്‍മിച്ച് വിക്ഷേപിക്കാം. 511 കോടി രൂപയ്ക്കാണ് എച്ച്എഎല്‍ എസ്എസ്എല്‍വിയുടെ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.

ചെറിയ ഉപഗ്രഹങ്ങളെ കുറഞ്ഞ സമയത്തിനുള്ളില്‍ താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതിനാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്കായി എസ്എസ്എല്‍വി ഉപയോഗിക്കാറുണ്ട്. 10 കിലോഗ്രാം മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ എസ്എസ്എല്‍വിക്ക് കഴിയും.