- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡു മഹോത്സവത്തിനിടെ മുളകൊണ്ടുണ്ടാക്കിയ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്നു വീണു; സംഭവത്തില്‍ ആറ് പേര്‍ മരിച്ചു; 60ഓളം പേര്‍ക്ക് പരിക്ക്; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ജൈന വിഭാഗക്കാര്‍ സംഘടിപ്പിച്ച മത ചടങ്ങിനിടെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഭഗവാന്‍ ആദിനാഥിന്റെ പേരിലുള്ള 'നിര്‍വാണ ലഡു പര്‍വ്' എന്ന പരിപാടിക്കിടെയാണ് താത്കാലിക സ്റ്റേജ് തകര്‍ന്നത്. വര്‍ഷം തോറും ജൈനമതവിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയാണിത്.
പരിപാടിയില്‍ വന്‍ജനക്കൂട്ടം ഉണ്ടായിരുന്നു. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വഴിപാടായി ലഡു സമര്‍പ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികള്‍ കയറി നില്‍ക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് തകര്‍ന്ന് വീണത്. ഉടന്‍ തന്നെ ആംബുലിന്‍സ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടര്‍ന്ന് ആറ് പേര്‍ മരിക്കുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 20 പേരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 30 വര്‍ഷമായി ജൈന സമൂഹം ഇവിടെ ലഡു മഹോത്സവം നടത്തിവരികയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ ഇരുപതോളം പേരുടെ പരിക്കുകള്‍ നിസാരമായിരുന്നെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.