കൊൽക്കത്ത: നടൻ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകൾ. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിർദ്ദേശം ചെയ്യുന്ന ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിർത്ത് വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിറക്കി. കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുള്ള സ്ഥാപനത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന നടനായ സുരേഷ് ഗോപിയെ നിയമിക്കുന്നത് ആശങ്കാജനകമാണെന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

'25 വർഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആർഎഫ്ടിഐ. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ പാരമ്പര്യം പേറുന്ന സ്ഥാപനം. സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. വൈവിധ്യമാർന്ന ശബ്ദങ്ങളും ആശങ്ങളും കൊണ്ട് സമ്പന്നാണ് ഈ സ്ഥാപനം. അത്തരമൊരിടം നിലനിന്നു പോകാൻ കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഉൾക്കൊള്ളൽ എന്നീ മൂല്യങ്ങൾ അനിവാര്യമാണ്.

എന്നാൽ, സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിർദ്ദേശം ആശങ്കാജനകമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവുമാണ്. രാജ്യത്തിന്റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാൾ പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാൾ തലപ്പത്തു വന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യലാകും. സർഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംഭാഷണത്തിനും വേണ്ടിയുള്ള ഒരു സങ്കേതമാണ് എസ്ആർഎഫ്ടിഐ. ഈ സ്ഥാപനത്തിന്റെ തലവൻ ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അവരുടെ ആശയങ്ങൾ പക്ഷപാതമോ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയണം. സുരേഷ് ഗോപിയെ നാമനിർദ്ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാർത്ഥി സമൂഹം ആശങ്കാകുലരാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളെ ഇത്തരം നിയമനങ്ങൾ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ, സ്ഥാപനത്തിന്റെ പ്രശസ്തിയും കലാപരമായ മികവും കാത്തുസൂക്ഷിക്കാൻ കഴിയുന്ന വ്യക്തിയാകണം അധ്യക്ഷനെന്നും' പ്രസ്താവനയിൽ വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി.

മുൻ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിക്ക് കൊൽക്കത്ത ആസ്ഥാനമായുള്ള സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ആർഎഫ്ടിഐ) അധ്യക്ഷനായി നിയമനം നൽകിയത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അറിയിച്ചത്. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. മുന്നറിയിപ്പില്ലാതെ നിയമനം നൽകിയതിൽ സുരേഷ് ഗോപിയും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.