ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌ക്കാരമായ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കര്‍ണാടകസംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണശേഷം നിന്ദ്യമായ വാക്കുകള്‍കൊണ്ട് വിമര്‍ശിച്ചയാളാണ് കൃഷ്ണ. അങ്ങിനെ ഒരാള്‍ക്ക് ഈ പുരസ്‌കാരം നല്‍കുന്നത് നിരീശ്വരവാദിക്ക് ഭക്തപുരസ്‌കാരം നല്‍കുന്നതുപോലെയാണെന്നും ഹര്‍ജിക്കാരനായ വി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

അവാര്‍ഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായും ശ്രീനിവാസന്റെ ഹര്‍ജിയില്‍ പറയുന്നു. മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിപുരസ്‌കാരം 2005 മുതലാണ് സംഗീത കലാനിധി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മാര്‍ച്ച് 17-നായിരുന്നു ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം. ഡിസംബറിലെ സംഗീതമേളയിലാണ് സമ്മാനദാനം. ജസ്റ്റിസ് ആര്‍.എം.ടി. ടീക്കാ രാമന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പുരസ്‌കാരജേതാക്കളെ തീരുമാനിക്കുന്നത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും തീരുമാനത്തില്‍ അക്കാദമി ഭരണസമിതിക്ക് പങ്കൊന്നുമില്ലെന്നും മ്യൂസിക് അക്കാദമി ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയുടെ വാദം ഒക്ടോബര്‍ 21-ലേക്കു മാറ്റി.