ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം. ആൺസുഹൃത്തുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡിപ്പാർച്ചർ റാമ്പിന്റെ റെയിലിങ്ങിന് മുകളിൽ കയറിയ യുവതി, താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ സിഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.

ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, ആൺസുഹൃത്ത് വിഷ്ണുവർധനുമായുള്ള തർക്കത്തിന് പിന്നാലെ കടുംകൈക്ക് മുതിർന്നത്. ഇരുവരും ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിൽ എത്തിയതായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായാണ് വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയത്. രാത്രി 11 മണിയോടെ ചില വിഷയങ്ങളിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ ശ്വേത ആത്മഹത്യാ ഭീഷണി മുഴക്കി.

തുടർന്ന് ഡിപ്പാർച്ചർ റാമ്പിന്റെ റെയിലിങ്ങിന് മുകളിൽ കയറി. റെയിലിങ്ങിൽനിന്ന് തൂങ്ങിക്കിടന്ന ശ്വേതയെ കണ്ട് ആളുകൾ വിമാനത്താവള ജീവനക്കാരെയും സുരക്ഷാജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പലരും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.

റാമ്പിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തതോടെ, സിഐ.എസ്.എഫ്. ഉദ്യോഗസ്ഥരിൽ ഒരാൾ യുവതിയോട് അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവർധനും പൊലീസ് പ്രത്യേകം കൗൺസിലിങ് നൽകിയ ശേഷമാണ് പറഞ്ഞയച്ചത്.