ലഖ്‌നൗ: വിവാഹേതര ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ ശ്രമവുമായി യുവതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഹൈ വോൾട്ടേജുള്ള വൈദ്യുതി ട്രാൻസ്‌ഫോമറിൽ കയറി നിന്നുകൊണ്ടായിരുന്നു ആത്മഹത്യ ശ്രമം. റെയിൽവേ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കാനാണ് യുവതി ആദ്യം ശ്രമിച്ചതെന്നാണ് ദേശീയ മാധ്യമമായ ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

വൈദ്യുത തൂണിൽ കയറി കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു യുവതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 34 കാരിയായ യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഏഴ് വർഷമായി അയൽ ഗ്രാമത്തിലുള്ള ഒരാളുമായി യുവതിക്ക് ബന്ധത്തിലായിരുന്നതായും ഭർത്താവ് രാം ഗോവിന്ദ് തന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, കാമുകനെയും അതേ വീട്ടിൽ താമസിക്കണമെന്നും വീട്ടുസാധനങ്ങൾക്ക് പണം നൽകാമെന്ന് നിർദ്ദേശിക്കുകയായിരുന്നു യുവതി. ഗോവിന്ദ് അഭ്യർത്ഥന നിരസിച്ച് വീട് വിട്ടിറങ്ങിയതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് തവണയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഏറ്റവുമൊടുവിലാണ് വൈദ്യുതി പോസ്റ്റിൽ കയറിയത്. യുവതിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട നാട്ടുകാർ ഭയചകിതരായി താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. പിന്നീട് യുവതിയെ ബലമായി വൈദ്യുതി തൂണിൽ നിന്ന് താഴെയിറക്കുകയായിരുന്നു.