ഗുഡ്ഗാവ്: ബോഡി ഷെയിമിംഗിന് ഇരയായ കുട്ടി ജീവനൊടുക്കി. പെണ്ണെന്ന് വിളിച്ച് സഹപാഠികളായ പെൺകുട്ടികൾ നിരന്തരം കളിയാക്കിയതിനെ തുടർന്ന് ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

സംഭവത്തിൽ ഹിസാർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ആൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രണ്ടുവിദ്യർഥിനികൾക്കെതിരെ ഐപിസി സെക്ഷൻ 305, 34 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മകന്റെ മരണവാർത്ത അറിഞ്ഞ് ദുബായിൽ ആയിരുന്ന പിതാവ് നാട്ടിലെത്തിയിരുന്നു. പെൺകുട്ടികൾ നിരന്തരം കളിയാക്കിയതുകൊണ്ട് മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്ന് മകൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി പിതാവ് പറഞ്ഞു. വിഷയത്തിൽ മകൻ ക്ലാസ് ടീച്ചറോട് പരാതി പറഞ്ഞെങ്കിലും, നടപടി എടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു. ക്ലാസ് ടീച്ചർ വിദ്യാർത്ഥിനികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

കുട്ടി ജീവനൊടുക്കുന്ന സമയത്ത് മാതാവ് വീട്ടിൽ ഇല്ലായിരുന്നു. ഈ സമയം കുട്ടിയുടെ മുത്തച്ഛനും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല. പിന്നീട് കുട്ടിയെ പുറത്തു കാണാതായപ്പോൾ മുറിയിൽ തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല.

ഇതേത്തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഇതോടെ സഹോദരി ബഹളംവെച്ച് അയൽക്കാരെ വിളിച്ചുകൂട്ടി. അയൽക്കാർ ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.