ന്യൂഡല്‍ഹി: മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അറിയിക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

ബാബര്‍, ബാബറി മസ്ജിദ് സമാനമായ നാമങ്ങളുടെ പേരില്‍ ഏതെങ്കിലും പള്ളിയുടെയോ മതപരമായ ഘടനയുടെയോ നിര്‍മ്മാണം, ഇത്തരം പേരുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത്തരം ഒരു ഇടപെടലിനായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ബാബറി മസ്ജിദിന്റെ പകര്‍പ്പ് നിര്‍മ്മിക്കുമെന്ന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രഖ്യാപനം ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.