- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലഹബാദ് ഹൈക്കോടതി വളപ്പിലെ മുസ്ലിം പള്ളി നീക്കണം: ഹൈക്കോടതി ഉത്തരവ് ശരിവെച്ചു സുപ്രീംകോടതി; പകരം ഭൂമി യുപി സർക്കാറിനോട് ആവശ്യപ്പെടാമെന്നും വിധി
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി പരിസരത്തെ മുസ്ലിം പള്ളി പൊളിച്ചുമാറ്റാൻ സുപ്രിംകോടതിയും. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. മസ്ജിദ് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടുള്ള 2017ലെ ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. ജസ്റ്റിസ് എം.ആർ. ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് ശരിവെച്ചത്. പള്ളിക്ക് വേണ്ടി മറ്റൊരു സ്ഥലം യു.പി സർക്കാറിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ വഖഫ് മസ്ജിദും യു.പി. സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. മൂന്ന് മാസത്തിനകം മസ്ജിദ് നീക്കണമെന്നും അല്ലെങ്കിൽ പൊളിച്ചുനീക്കാൻ അധികൃതർക്ക് അധികാരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മസ്ജിദ് നിലകൊള്ളുന്ന സ്ഥലത്തിന് പകരമായി മറ്റൊരു സ്ഥലം അനുവദിക്കാൻ യു.പി സർക്കാറിനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഈ ആവശ്യം നിയമാനുസൃതം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകി.
സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. എന്നാൽ പാട്ടക്കരാർ 2002-ൽ റദ്ദാക്കിയതായും ഈ ഭൂമി ഹൈക്കോടതിയുടെ വികസനത്തിന് കൈമാറിയതാണെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹൈക്കോടതി വളപ്പിൽ അല്ലെന്നും ഹൈക്കോടതിക്ക് മുന്നിലെ റോഡിന് അപ്പുറത്ത് ആണെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഭൂമിയുടെ കൈവശാവകാശം വഖഫ് ബോർഡിനില്ലെന്നായിരുന്നു 2017ലെ വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് ആദ്യം ചെറിയൊരു ഷെഡ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിന്നീട് വഖഫ് ബോർഡ് ഭൂമി ഏറ്റെടുത്ത് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ തന്നെ കൈവശാവകാശം വഖഫ് ബോർഡിനില്ലെന്നും കോടതി പറഞ്ഞു.




