ന്യൂഡല്‍ഹി: വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി പിടിക്കാമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സുപ്രീംകോടതി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി ഈടാക്കുന്നതിനെതിരായ അപ്പീലുകള്‍ കോടതി തള്ളി.

വൈദികരും കന്യാസ്ത്രീകളും ശമ്പളം സഭയ്ക്ക് നല്‍കുകയാണെന്നും അതിനാല്‍ അവരുടെ ശമ്പളത്തെ വ്യക്തിഗതമായി കാണാനാകില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ശമ്പളം കൈമാറുന്നതിന്റെ പേരില്‍ അതിന് നികുതി നല്‍കാതിരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. ജോലിയുണ്ടായിരിക്കുകയും അതിന് ശമ്പളം കിട്ടുകയും ചെയ്യുന്നുണ്ടെങ്കില്‍ നികുതിനല്‍കാന്‍ ബാധ്യതയുണ്ട്. ശമ്പളം പൂജയ്ക്കുനല്‍കിയെന്നും നികുതി നല്‍കാനാകില്ലെന്നും ഒരു ഹിന്ദുപുരോഹിതന് പറയാനാകുമോ? ശമ്പളം കിട്ടുന്നുണ്ടെങ്കില്‍ അതിന് നികുതിയും നല്‍കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ശമ്പളം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ കൈമാറുന്നുവെന്നതിന് നികുതി ഈടാക്കലുമായി ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിന് ടി.ഡി.എസ്. ബാധകമാകുമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായ ഹര്‍ജിയും കേരളത്തില്‍നിന്നുള്‍പ്പെടെയുള്ള ഹര്‍ജികളും ബെഞ്ച് പരിഗണിച്ചു.