ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ കർണാടകത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ചിത്രദുർഗയിലെ എൽ പി സ്‌കൂൾ അദ്ധ്യാപകനായ ശാന്ത മൂർത്തിയെയാണ് സസ്‌പെൻഡ് ചെയ്തത്.

സർക്കാരിന്റെ പൊതുകടത്തെ സംബന്ധിക്കുന്നതായിരുന്നു പോസ്റ്റ്. സിദ്ധരാമയ്യ 2 ലക്ഷം കോടിയുടെ വായ്പയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന് സൗജന്യങ്ങൾ നൽകാൻ എളുപ്പമാണ്. എന്നായിരുന്നു മൂർത്തിയുടെ കുറിപ്പ്. കർണാടകത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പേരും അവർ എടുത്തിട്ടുള്ള വായ്പകളും പൊസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

മൂർത്തിയുടെ പോസ്റ്റ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് 1966ലെ കർണാടക സിവിൽ സർവീസസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അദ്ധ്യാപകനെ സസ്‌പെൽഡ് ചെയ്തത്. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയായതിനുശേഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന അഞ്ച് പ്രധാന വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അദ്ധ്യാപകൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

എന്നാൽ സത്യം പറഞ്ഞതിന്റെ പേരിലാണ് അദ്ധ്യാപകനെതിരായ നടപടിയെന്നും കോൺഗ്രസ് സത്യത്തെ ഭയപ്പെടുകയാണെന്നും ബിജെപി ഐടി സെൽ ചീഫ് അമിത് മാൽവിയ പറഞ്ഞു. സോഷ്യൽ മീഡിയ വഴി വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് കോൺഗ്രസിന്റെ പ്രതികരണം.