ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ മൂന്നു മടങ്ങ് വരെ വര്‍ദ്ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയിലാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിച്ചതായി വെളിപ്പെടുത്തിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യില്‍ എത്തിക്കുമെന്നതാിയരുന്നു നരേന്ദ്ര മോദിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം.

സ്വിസ് നാഷണല്‍ ബാങ്കിന്റെ (എസ്എന്‍ബി) സ്ഥിതിവിവരക്കണക്കുകള്‍ പരാമര്‍ശിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ വര്‍ധിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ വിദേശ ശാഖകളിലെ നിക്ഷേപങ്ങളും മറ്റ് ബാധ്യതകളും അടക്കം പല ഘടകങ്ങളും എസ്എന്‍ബിയുടെ ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടു തന്നെ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപത്തിന്റെ തോത് നിര്‍ണ്ണയിക്കാന്‍ എസ്എന്‍ബി റിപ്പോര്‍ട്ടിനെ ആശ്രയിക്കരുതെന്ന് സ്വിസ് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

2015ലെ കള്ളപ്പണ നിരോധന നിയമ പ്രകാരം 2015 ജൂലൈ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,719 കോടി രൂപ നികുതി കുടിശ്ശിക ഇനത്തിലും 13,385 കോടി രൂപ പിഴ ഇനത്തിലും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതിന്റെ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല, നികുതി കുടിശ്ശികയും പിഴയും കൂടി 35,104 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് അയച്ചിട്ടും 2025 മാര്‍ച്ച് 31 വരെ കേന്ദ്രത്തിന് ഈടാക്കാനായത് വെറും 338 കോടി രൂപ മാത്രമാണ്. ഇത് രാജ്യത്ത് കള്ളപ്പണത്തിനെതിരായ നിയമനടപടികളുടെ കാര്യക്ഷമതയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നുവെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.