ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.വി. സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1987 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവില്‍ ധനകാര്യ സെക്രട്ടറിയുടെ ചുമതല വഹിച്ചുവരികയാണ്. ആഗസ്റ്റ് 30ന് അധികാരമേല്‍ക്കുന്ന സോമനാഥന്, കാബിനറ്റ് സെക്രട്ടറി പദവിയില്‍ രണ്ടു വര്‍ഷ കാലാവധി ലഭിക്കും.

കോര്‍പറേറ്റ് മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, 2015 മുതല്‍ 2017വരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോയിന്റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാട് സര്‍ക്കാരിലും ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലന്‍സ് കമ്മിഷണര്‍, മെട്രോവാട്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്‌നാട്ടില്‍ വഹിച്ചത്.

ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആദ്യ മാനേജിങ് ഡയറക്ടറാണ്. 2011 മുതല്‍ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചു. നിലവിലെ കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സോമനാഥന്റെ നിയമനം. 2019ല്‍ നിയമിതനായ രാജിവ് ഗൗബ അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് തല്‍സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.