ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് മരിച്ചത്. ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ജീവനൊടുക്കിയത്. ഇന്ന് രാവിലെ 6.50 ഓടെ റേസ്‌കോഴ്സിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയ വിജയകുമാർ 6.45 ഓടെ ക്യാമ്പ് ഓഫീസിൽ എത്തി. പേഴ്സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ പിസ്റ്റൾ കൈമാറാൻ ആവശ്യപ്പെട്ടു, അയാൾ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതോടെ വിജയകുമാർ സ്വയം വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് ക്യാമ്പ് ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഏതാനും ആഴ്ചകളായി തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും വിജയകുമാർ സഹപ്രവർത്തകരോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കൂടല്ലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്‌പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.