ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ സിഗരറ്റ് വലിക്കുകയും, ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്ത ഗൂഗിൾ ടെക്കിക്ക് എതിരെ വ്യാപക പ്രതിഷേധം. ഉത്കർഷ് ഗൗതം എന്ന് തിരിച്ചറിഞ്ഞ ഇയാളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, കർശന നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഗുരുതരാവസ്ഥയിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം.

വിമാനത്താവളത്തിലെ ടാറിങ്ങിൽ വെച്ച് പുകവലിച്ച ഇയാൾ, അടുത്തെത്തിയ ഗ്രൗണ്ട് ജീവനക്കാരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു. പുകവലി നിരോധിച്ച പ്രദേശമാണിതെന്ന് ജീവനക്കാർ വ്യക്തമാക്കിയപ്പോൾ, പുകവലി നിരോധന നിയമം എവിടെയാണെന്ന് കാണിക്കാൻ ആവശ്യപ്പെട്ട് ഇയാൾ തർക്കിക്കുകയും, ജീവനക്കാർക്ക് നേരെ പുക ഊതി വിടുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാരുടെ മുന്നറിയിപ്പുകൾക്ക് വില കൽപ്പിക്കാതെ ഇയാൾ പുകവലി തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്.

പൊതു ഇടങ്ങളിലും പ്രത്യേകിച്ച് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലും പുകവലി നിരോധനം നിലവിലുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായ വിമാനത്താവളങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. @aviationnews എന്ന വ്യോമയാന കേന്ദ്രീകൃത ഇൻസ്റ്റാഗ്രാം പേജാണ് ഈ ദൃശ്യങ്ങൾ ആദ്യമായി പങ്കുവെച്ചത്.

റൺവേ പോലുള്ള അതിസുരക്ഷാ മേഖലയിൽ എങ്ങനെയാണ് ഒരാൾക്ക് സിഗരറ്റും ലൈറ്ററും കൊണ്ടുവരാൻ കഴിഞ്ഞതെന്ന ചോദ്യം നിരവധി പേർ ഉന്നയിച്ചു. തീപിടിത്ത സാധ്യതയും വ്യോമയാന സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ സംഭവത്തെ ശക്തമായി വിമർശിച്ചു. സുരക്ഷാ വീഴ്ചയുടെ വിവിധ തലങ്ങൾ ഈ സംഭവം വെളിവാക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. ഇയാൾക്ക് ആജീവനാന്ത വിലക്കും വിശദമായ സുരക്ഷാ അന്വേഷണവും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.