ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത നിയമലംഘനങ്ങൾ കണ്ടുമടുത്ത് ഒരു ഐടി കമ്പനി ജീവനക്കാരൻ വികസിപ്പിച്ചെടുത്ത എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഹെൽമറ്റ് ശ്രദ്ധേയമാകുന്നു. ട്രാഫിക് നിയമലംഘകരെ തത്സമയം കണ്ടെത്തുകയും തെളിവുകൾ സഹിതം പോലീസിന് നേരിട്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഈ ഉപകരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഐടി കമ്പനി ജീവനക്കാരനായ പങ്കജ് തൻവാറാണ് തന്‍റെ ഹെൽമറ്റിനെ ഒരു ട്രാഫിക് നിരീക്ഷണ ഉപകരണമാക്കി മാറ്റിയത്.

ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുള്ള എഐ ഏജൻ്റ് ഗതാഗത നിയമലംഘനങ്ങൾ തിരിച്ചറിയുകയും, ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെ നമ്പർ പ്ലേറ്റുകൾ, രജിസ്ട്രേഷൻ വിവരങ്ങൾ, ലൊക്കേഷൻ എന്നിവ രേഖപ്പെടുത്തുകയും ചെയ്യും. ഈ വിവരങ്ങൾ നേരിട്ട് പോലീസിന് കൈമാറുന്ന സംവിധാനമാണ് തൻവാർ ഒരുക്കിയിരിക്കുന്നത്. കേവലം റെക്കോർഡിംഗിൽ മാത്രം ഒതുങ്ങാതെ, തെളിവുകൾ സൃഷ്ടിച്ച് കുറ്റവാളിയെ തിരിച്ചറിയാൻ ഈ ഹെൽമറ്റിന് കഴിയുമെന്ന് അദ്ദേഹം എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ വിശദീകരിച്ചു.

തുടർച്ചയായ നിയമലംഘനങ്ങളിൽ മനംമടുത്ത് തന്‍റെ ഹെൽമറ്റ് ഒരു ട്രാഫിക് പോലീസ് ഉപകരണമാക്കി മാറ്റുകയായിരുന്നു എന്ന് പങ്കജ് തൻവാർ എക്സ് പോസ്റ്റിൽ കുറിച്ചു. ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത ഒരാളെ ഈ സംവിധാനം ഉപയോഗിച്ച് റിപ്പോർട്ട് ചെയ്ത അനുഭവവും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ഈ കണ്ടുപിടിത്തത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ 'മികച്ച എഞ്ചിനീയറിംഗ്' എന്ന് പലരും വിശേഷിപ്പിച്ചു.

സമാനമായ സാങ്കേതികവിദ്യ കാർ ഡാഷ്‌ക്യാമുകളിലും സംയോജിപ്പിക്കാമെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് അധികാരികൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ, ഗതാഗത പുരോഗതിയിൽ കൂടുതൽ പേർക്ക് സ്വമേധയാ പങ്കെടുക്കാൻ കഴിയുമെന്നും ഒരു ഉപയോക്താവ് നിർദ്ദേശിച്ചു. തന്‍റെ പരീക്ഷണങ്ങൾ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ലഭിച്ച വൈറൽ പ്രതികരണങ്ങളിൽ താൻ അമ്പരന്നുപോയെന്നും പങ്കജ് തൻവാർ പിന്നീട് അറിയിച്ചു.