ന്യൂഡൽഹി: അമിത് ഷായ്ക്ക് എതിരായ വ്യാജ വീഡിയോ കേസിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേരെ സൈബർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

വ്യാജ അജണ്ടകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ വീഡിയോ നിർമ്മിച്ചുവെന്ന ബിജെപി നേതൃത്വത്തിന്റെ പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സോഷ്യൽ മീഡിയ സംഘത്തിൽ പെട്ട നവീൻ, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും.

തെലങ്കാനയിലെ പ്രസംഗത്തിൽ എസ് സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രസംഗത്തിന്റെ യഥാർഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തിൽ അമിത് ഷാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോൺഗ്രസ് വ്യാജവീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെയും എൻ സി പി യുടെയും ഉൾപ്പെടെ വിവിധ എക്സ് അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കിയിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്.

സിആർപിസിയിലെ സെക്ഷൻ 91 പ്രകാരം ജാർഖണ്ഡ് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ഠാക്കൂർ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന് നോട്ടീസ് നൽകിയിരുന്നു. മെയ് രണ്ടിന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും മറ്റു നാലുപേർക്കും ഡൽഹി പൊലീസ് കേസിൽ സമൻസ് അയച്ചിരുന്നു.