ബെംഗളൂരു: ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് താക്കീത് നൽകിയ കണ്ടക്റെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പ്രതിയായ ജാർഖണ്ഡ് സ്വദേശി ഹർഷ് സിൻഹയെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബംഗളൂരുവിൽ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. കുത്തേറ്റ 45 കാരനായ യോഗേഷ് എന്ന ബസ് കണ്ടക്ടർ ചികിത്സയിലാണ്.

ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ചൊവ്വാഴ്ച വൈകിട്ട് വൈറ്റ്ഫീൽഡ് പൊലീസ് സ്‌റ്റേഷനു സമീപം എത്തിയപ്പോഴാണ് സംഭവം നടന്നത്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്തു ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് പിന്നാലെയാണ് യാത്രക്കാരനായ ഹർഷ് സിൻഹ കണ്ടക്ടർ യോഗേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതി മറ്റ് യാത്രക്കാരെ കുത്താൻ ശ്രമിക്കുന്നതും തുടർന്ന് അവർ ഭയന്ന് ബസിൽ നിന്ന് ഓടിപ്പോകുന്നതും സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വീഡിയോയിൽ വ്യക്തമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ സിദ്ധലിംഗസ്വാമി ബസിൻ്റെ ഡോറുകൾ പൂട്ടി പുറത്തേക്ക് ചാടി. ഇതോടെ പ്രതി സിൻഹയെ ബസ്സിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പ്രതി ചുറ്റികയെടുത്ത് ബസ്സിന്‍റെ ചില്ല് തകർത്തു പുറത്തു കടക്കാനുള്ള ശ്രമം നടത്തി.

പരിക്കേറ്റ യോഗേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതീയ ന്യായ് സൻഹിതയുടെ വകുപ്പുകൾ പ്രകാരം ഹർഷ് സിൻഹയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ജാർഖണ്ഡ് സ്വദേശിയായ ഹർഷ് സിൻഹ ബെംഗളൂരുവിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളെ സെപ്റ്റംബർ 20 ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ഇന്‍റർവ്യൂ കഴിഞ്ഞ് കിട്ടാത്തിൽ നിരാശനായിരുന്നു. കുറ്റം ചെയ്തതിന് ശേഷം ജയിലിൽ പോകാനും തയ്യാറാണെന്ന് പ്രതി പറയുന്നത് കേട്ടതായി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഒരാൾ പോലീസിനോട് പറഞ്ഞു.