ന്യൂഡൽഹി: മാസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാളെ മുതൽ പുതുക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്. നവരാത്രി ആഘോഷം അടുത്തിരിക്കുകയാണ്. ഇതിന് തൊട്ട് മുൻപുള്ള അഭിസംബോധനയിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്ന ആകാംഷയിലാണ് രാജ്യം. 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം പ്രധാന നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

2016 നവംബർ 8-ന് 500, 1000 രൂപ നോട്ടുകൾ നിർത്തലാക്കിയതും, 2019 മാർച്ച് 12-ന് പുൽവാമ ആക്രമണത്തെത്തുടർന്നുണ്ടായ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തതും, 2020 മാർച്ച് 24-ന് കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഇതിന് ഉദാഹരണങ്ങളാണ്.