ഹൈദരാബാദ്: ഹൈദരാബാദിൽ മോമോസ് ഭക്ഷണം കഴിച്ച് ഉണ്ടായ ഭക്ഷ്യവിഷ ബാധയിൽ സ്ത്രീ മരിക്കുകയും 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബഞ്ചാര ഹിൽസിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച റോഡരികിലെ ഭക്ഷണശാലയിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവിടെ നിന്നും മോമോസ് കഴിച്ചവർക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്കാണ് സംഭവത്തിൽ ജീവൻ നഷ്ടമായത്. ഇവരെ ഭക്ഷ്യവിഷ ബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നുണ്ട്. സംഭവത്തെ തുടർന്ന് ബഞ്ചാര ഹിൽസ് പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.