കൊച്ചി: കാലടി ചെങ്ങലില്‍ സ്‌കൂട്ടര്‍ യാത്രികനെ കുത്തിപ്പരിക്കേല്‍പിച്ച് 20 ലക്ഷം കവര്‍ന്നു. വി.കെ.ഡി വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച് പണവുമായി കടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്ന തങ്കച്ചനെ തടഞ്ഞു നിര്‍ത്തിയാണ് ആക്രമണം. തങ്കച്ചന്റെ മുഖത്ത് ആക്രമികള്‍ സ്‌പ്രേ അടിക്കുകയും ശേഷം കുത്തി പരിക്കേല്‍പിച്ച് സ്‌ക്കൂട്ടറിന്റെ സീറ്റിനടയില്‍ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു. തങ്കച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്.