മുംബൈ: മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് സഹായിക്കാത്തതിനെത്തുടർന്ന് സ്വയം ട്രാക്ക് ചെയ്ത് കണ്ടെത്തി മുംബയിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ. വാരാണസിയിൽ വെച്ച് ഫോൺ നഷ്ടപ്പെട്ട അങ്കിത ഗുപ്തയുടെ സമയോചിതമായ ഇടപെടൽ പോലീസ് ഇവരുടെ ഫോൺ വീണ്ടെടുക്കാൻ സഹായിക്കുക മാത്രമല്ല, മോഷ്ടാവിൽ നിന്ന് 12 മറ്റ് ഫോണുകൾ കൂടി പിടിച്ചെടുക്കുന്നതിനും വഴിയൊരുക്കി. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് അനാസ്ഥ കണ്ടെത്തിയതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാനും ഇടയാക്കി.

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. മുംബയിലെ ഘാട്ട്‌കോപാർ നിവാസിയായ അങ്കിത ഗുപ്ത കുടുംബത്തോടൊപ്പം വാരാണസിയിലെ അസിഘട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് തിരക്കിനിടയിൽ ഫോൺ മോഷണം പോയത്. ഉടൻ തന്നെ അങ്കിത പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അങ്കിത സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം നിലയിൽ ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയായിരുന്നു.

ട്രാക്ക് ചെയ്ത വിവരങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അങ്കിതയുടെ ഫോൺ കണ്ടെത്തുകയും മോഷ്ടാവിന്റെ പക്കൽ നിന്ന് മറ്റ് 12 ഫോണുകൾ കൂടി പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ, ഡിസിപി ഗൗരവ് ഗുപ്ത ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായി കണ്ടെത്തുകയും, ഔട്ട്‌പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.