തേനി (തമിഴ്നാട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍.തേനി പെരിയകുളം വടകരയില്‍ ഹിന്ദുമത ചാരിറ്റീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി തിലകര്‍ (65) ആണ് അറസ്റ്റിലായത്.

ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുര പലഹാരം നല്കി ക്ഷേത്രത്തിനുള്ളില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പരിഭ്രാന്തയായ പെണ്‍കുട്ടി കാര്യങ്ങള്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടി. അപകടം മണത്ത പൂജാരി ക്ഷേത്രം പൂട്ടി ഒളിച്ചു. വിവരമറിഞ്ഞ് പെരിയകുളം വടകര പൊലീസ് സ്ഥലത്തെത്തി പജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഇതിനിടയില്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ആളുകള്‍ പൂജാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ ഇയാളെ പെരിയകുളം വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.