- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കും എൻ.ഐ.എക്കുമെതിരെ തെളിവുകളുമായി സുപ്രീം കോടതിയെ സമീപിക്കും
കൊൽക്കത്ത: ബിജെപി നേതാവും എൻ.ഐ.എ ഉദ്യോഗസ്ഥനും തമ്മിൽ പാഴ്‌സൽ കൈമാറ്റം ചെയ്തതിന്റെ തെളിവുമായി പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബിജെപി നേതാവ് ജിതേന്ദ്ര തിവാരി എൻ.ഐ.എ എസ്‌പി ധന് റാം സിങ്ങിനെ അദ്ദേഹത്തിന്റെ കൊൽക്കത്തയിലെ വസതിയിൽ പാഴ്‌സലുമായി എത്തി കണ്ടെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ബാനർജിയുടെ പരാമർശം.
'ഞങ്ങൾ തീർച്ചയായും സുപ്രീം കോടതിയിൽ പോകും. ബിജെപി നേതാവ് എൻ.ഐ.എ എസ്‌പിയുടെ വസതിയിലേക്ക് വെള്ള പാക്കറ്റ് എടുക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കും' -അഭിഷേക് ബാനർജി പറഞ്ഞു. ബിജെപി നേതാവ് ജിതേന്ദ്ര തിവാരി എൻ.ഐ.എ എസ്‌പി ധന് റാം സിങ്ങിന്റെ കൊൽക്കത്തയിലെ വസതിയിൽ എത്തിയെന്ന് താൻ ആരോപിച്ച ശേഷം എൻ.ഐ.എ നിരവധി ടി.എം.സി നേതാക്കൾക്ക് നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
എസ്‌പി താമസിക്കുന്ന ഭവന സമുച്ചയത്തിൽ പ്രവേശിക്കുന്നതിന്റെയും പുറത്തുകടന്നതിന്റെയും റെക്കോർഡ് സൂക്ഷിക്കുന്ന രജിസ്റ്ററിന്റെ പേജുകൾ ടി.എം.സി പരസ്യമാക്കിയിരുന്നു. ബിജെപി നേതാവും എൻ.ഐ.എ ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തങ്ങളുടെ പാർട്ടി നേതാക്കൾക്കെതിരെ വലിയ ഗൂഢാലോചന നടന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.