- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ദിനത്തിൽ യാത്രക്കാരെ അമ്പരിപ്പിച്ച് കാഴ്ച; ടോൾ നൽകാതെ എക്‌സ്‌പ്രസ് വേയിലൂടെ പാഞ്ഞ് വാഹനങ്ങൾ; ബോണസ് നിഷേധിച്ച തൊഴിലാളികൾ ചെയ്തത്; കേന്ദ്രത്തിന് ലക്ഷങ്ങൾ നഷ്ടം
ആഗ്ര: ദീപാവലി ബോണസ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിലെ ഫത്തേഹാബാദ് ടോൾ പ്ലാസ ജീവനക്കാർ ഗേറ്റുകൾ തുറന്നിട്ടു. ഇതോടെ ആയിരക്കണക്കിന് വാഹനങ്ങൾക്ക് സൗജന്യ യാത്ര സാധ്യമാവുകയും കേന്ദ്ര സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്തിട്ടും ബോണസ് ലഭിച്ചില്ലെന്നും കൃത്യസമയത്ത് ശമ്പളം പോലും നൽകാറില്ലെന്നും പ്രതിഷേധിച്ച ജീവനക്കാരിൽ ഒരാൾ പറഞ്ഞു. ജീവനക്കാരെ മാറ്റിയ ശേഷം ബോണസ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് സമരത്തിലേക്ക് നയിച്ചത്. ശ്രീസായി, ദത്താർ കമ്പനികൾക്ക് വേണ്ടിയാണ് ജീവനക്കാർ ടോൾ പ്ലാസയിൽ ജോലി ചെയ്യുന്നത്. ദീപാവലി പ്രമാണിച്ചുള്ള ബോണസ് കഴിഞ്ഞയാഴ്ച അക്കൗണ്ടിൽ എത്തുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് അവർ ആരോപിച്ചു.
ഏകദേശം 10 മണിക്കൂറോളം നീണ്ടുനിന്ന സമരം, അധികൃതർ ബോണസ് നൽകുമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് പിൻവലിച്ചു. ഡൽഹിയെയും ദേശീയ തലസ്ഥാന മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ഈ ടോൾ പ്ലാസയിലെ പ്രവർത്തന സ്തംഭനം വലിയ ശ്രദ്ധ നേടി. സംഭവത്തിൽ കമ്പനി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ടോൾ നൽകാതെ വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.