ആഗ്ര: ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. 38കാരിയായ റാണിയാണ് മരിച്ചത്. ലിവ് ഇൻ പങ്കാളിയെ പേടിപ്പിക്കാൻ ട്രാക്കിലേക്ക് ചാടിയ റാണിയെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റാണിയും പങ്കാളിയായ കിഷോറും തമ്മിൽ വാക്കു തർക്കമുണ്ടായി. കിഷോറിന്റെ മദ്യപാന ശീലത്തെ കുറിച്ച് പറഞ്ഞായിരുന്നു തർക്കമുണ്ടായത്. തുടർന്ന് താൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. കിഷോറിനെ കൂട്ടി റാണി റെയിൽവേ സ്റ്റേഷനിലെത്തി.

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ ഇരുവരും തമ്മിൽ ഇവിടെ വെച്ചും തർക്കമുണ്ടായി. തുടർന്ന് കിഷോറിനെ പേടിപ്പിക്കാനായി റാണി ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഈ സമയം ഈ ട്രാക്കിലൂടെ ട്രെയിൻ വരുന്നത് ഇവർ ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ കണ്ട ഉടനെ റാണി പ്ലാറ്റ്ഫോമിലേക്ക് ചാടികയറാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇവർ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ റെയിൽവെ പൊലീസ് റാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.