- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ കിലോമീറ്ററുകളോളം ഓടിയ സംഭവം; നാലുപേരെ പിരിച്ചുവിട്ടു
ചണ്ഡീഗഢ്: ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ ജമ്മു കശ്മീർ മുതൽ പഞ്ചാബ് വരെ ഓടിയ സംഭവത്തിൽ 4 പേരെ പിരിച്ചുവിട്ടു. ജമ്മുവിലെ കത്വ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ത്രിവേണി ലാൽ ഗുപ്ത, എൻജിനിയർമാരായ സന്ദീപ് കുമാർ (ലോക്കോ പൈലറ്റ്), പ്രദീപ് കുമാർ (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്), പോയിന്റ്‌സ്മാൻ മൊഹ്മദ് സമി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവരെ സംഭവത്തിനു ശേഷം സസ്‌പെൻഡ് ചെയ്തിരുന്നു.
ഫെബ്രുവരി 25ന് രാവിലെ 7 മണിയോടെയാണ് സംഭവം. ജമ്മുവിലെ കത്വ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് മാറികയറുന്നതിനായാണ് ട്രെയിൻ നിർത്തിയിട്ടത്. ഇതിനിടെ ട്രെയിൻ തനിയെ മുന്നോട്ട് കുതിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിച്ചു. അഞ്ച് സ്റ്റേഷനുകൾ മറികടന്ന് ഒൻപതോടെയാണ് ഉൻചി ബസിയിൽ ട്രെയിൻ എത്തിയത്. രണ്ടു മണിക്കൂർകൊണ്ട് 80 കിലോമീറ്റർ പിന്നിട്ടശേഷമാണ് ട്രെയിൻ തടഞ്ഞുനിർത്താനായത്.
ഭൂപ്രകൃതിക്കനുസരിച്ച് വേഗതകുറഞ്ഞപ്പോൾ ട്രാക്കിൽ തടികളിട്ടാണ് ട്രെയിൻ നിർത്താനായത്. ട്രെയിൻ കടന്നുപോയ പാതയിലെ റെയിൽവേ ക്രോസുകൾ അടയ്ക്കാനായതും അതേ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാതിരുന്നതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ലോക്കോ പൈലറ്റ് ഹാൻഡ്ബ്രേക്ക് ഇടാൻ മറന്നിരുന്നെന്നും പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചെരിവാണ് ട്രെയിൻ തനിയെ ഓടാൻ കാരണമായതെന്നുമാണ് അധികാരികൾ പറഞ്ഞത്.