ഗുവാഹത്തി: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജി സ്വാതി ബാദാൻ ബറുവ (32) അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ജഡ്ജിയെ അറസ്റ്റു ചെയ്തത്. പീഡന പരാതിയിൽ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് യുവാവ് ജീവനൊടുക്കിയത് എന്നാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.

ഗുവാഹത്തിയിലെ പാണ്ടുവിലെ വീടിനുള്ളിലാണ് 20കാരനായ മൻസൂർ അലമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാതിയുടെ ഔദ്യോഗിക വസതിയിൽ കരാർ തൊഴിലാളിയായി മൻസൂർ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കാൻ സ്വാതി ആവശ്യപ്പെട്ടെങ്കിലും മൻസൂർ ഇത് നിഷേധിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

കഴിഞ്ഞ വർഷം മെയ്‌ 29നു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നൽകിയതായി പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകൾ ചുമത്തിയാണ് അന്ന് മൻസൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മൻസൂറിനു ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മർദവും ഭീഷണിയും തുടരുകയായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് സ്വാതിയോട് പലവട്ടം മൻസൂർ ആവശ്യപ്പെട്ടെങ്കിലും അവർ വകവെച്ചില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.