ഹൈദരാബാദ്: ഹൈദരാബാദില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ട്രാന്‍സ്ജെന്‍ഡേഴ്സിന് സര്‍ക്കാര്‍ സേവനത്തിലേക്കും സാമൂഹികക്ഷേമ പദ്ധതിയിലേക്കുമുള്ള ആദ്യ നിയമനമാണിത്.

ഗതാഗത സാഹചര്യം അവലോകനം ചെയ്യുന്നതിനിടെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഹൈദരാബാദിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് ഹോംഗാര്‍ഡുകളുടെ മാതൃകയില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ നിയമിച്ചതിനുശേഷം പരിശീലനം നല്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. താല്‍പ്പര്യമുള്ളവരോട് പരിശീലനത്തിനായി ബന്ധപ്പെടാന്‍ വകുപ്പ് ഉടന്‍ തന്നെ ആവശ്യപ്പെടും.

അതേസമയം നിയമിക്കപ്പെടുന്നവര്‍ക്ക് തുല്യതയും ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ തൊഴില്‍ പ്രശ്‌നവും നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.