വാരണാസി: വാരണാസിയിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു മരത്തിൽ നിറയെ ഉപയോഗശേഷം വലിച്ചെറിഞ്ഞ ഡയപ്പറുകൾ തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്.

പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഇൻഫ്ലുവൻസറായ ശ്വേത കതാരിയയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സമീപത്തുള്ള വലിയ ഇരുനില വീട്ടിൽ താമസിക്കുന്ന ഒരു കുടുംബമാണ് ഇതിനു പിന്നിലെന്നും, അവർ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്കും മരത്തിലേക്കും ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതായും വീഡിയോയിൽ പറയുന്നു.

മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ പരിസരം മലിനമാക്കുന്നതിനെതിരെ നെറ്റിസൺസ് വലിയ രോഷമാണ് പ്രകടിപ്പിച്ചത്. പൗരബോധമില്ലാത്ത ഈ പ്രവൃത്തിക്കെതിരെ ശക്തമായ വിമർശനം ഉയർന്നു. മാലിന്യം നീക്കം ചെയ്യേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കമന്റുകൾ ചൂണ്ടിക്കാട്ടി.