ന്യൂഡല്‍ഹി: ഭക്ഷണങ്ങള്‍ മുതല്‍ മേകപ്പ് സാധനങ്ങള്‍ വരെ. വാഹനത്തിനുള്ളില്‍ വ്യത്യസ്ത യാത്ര സൗകര്യമൊരുക്കി യൂബര്‍ ഡ്രൈവര്‍. കാറിനുള്ളില്‍ ഫൈ്‌ളറ്റിനെ വെല്ലുന്ന സൗകര്യങ്ങളാണ് കാര്‍ ഡ്രൈവര്‍ ഒരുക്കിയിരിക്കുന്നത്. മാരുതി സെലേറിയോ കാറില്‍ വൈഫൈ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമുള്ളതെന്തും എടുക്കാം. എന്ത് എടുത്താലും സൗജന്യമാണെന്നതാണ് ആളുകളെ ഏറെ ആകര്‍ഷിക്കുന്നത്. സ്‌നാക്ക്‌സ്, ബോട്ടില്‍ വാട്ടര്‍, സാനിറ്റൈസര്‍, കുട തുടങ്ങിയ ആവശ്യസാധനങ്ങളും, ഇതിനു പുറമെ പെയ്ന്‍ കില്ലറുകളും അത്യാവശ്യ മരുന്നുകളും വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സേഫ്റ്റി പിന്‍, ഓയില്‍, ടൂത്‌പേസ്റ്റ്, പൗഡര്‍, പെര്‍ഫ്യൂം തുടങ്ങിയവയും ലഭ്യമാണ്.

അബ്ദുല്‍ ഖാദിര്‍ എന്നയാളുടെ വാഹനത്തിന്റെ ചിത്രം ഒരു യാത്രക്കാരന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചയാകുന്നത്. യാത്രക്കാര്‍ക്കിത് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നാണ് റെഡ്ഡിറ്റില്‍ പങ്കുവെച്ച് കൊണ്ട് പലരും പറഞ്ഞത്. ഒരു ടാക്‌സി റൈഡിനപ്പുറം, യാത്രക്കാര്‍ക്ക് നല്‍കുന്ന ആഡംബര സേവനത്തെ നിരവധിപേര്‍ പ്രശംസിക്കുന്നുണ്ട്. ഫ്‌ലൈറ്റുകളെ പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വെറുമൊരു കാറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട് നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ട് എത്തിയത്. ഈ വ്യത്യസ്ത സേവനത്തെ പ്രശംസിച്ച് നിരവധിപേര്‍ സമൂഹം മാധ്യമങ്ങളില്‍ ആശംസകള്‍ അറിയിച്ചെത്തി. ചിലര്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. മുമ്പ് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്തവരും അനുഭവങ്ങള്‍ പങ്കുവെച്ചു.