ഹൈദരാബാദ്: എകീകൃത സിവിൽ കോഡ് വിഷയത്തിൽ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. ഇന്ത്യയുടെ വൈവിധ്യ സംസ്‌കാരത്തിന് ഹാനികരമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ എന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കി. ഇന്ത്യയെ ഭിന്നിപ്പിക്കാനെ ഈ നിയമം സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവിഭാഗങ്ങൾ, ഹിന്ദുക്കൾ, വിവിധ സംസ്‌കാരങ്ങൾ പിന്തുടരുന്ന വിഭാഗങ്ങൾ എന്നിവർ നിലവിലെ ചർച്ചകളിൽ അസ്വസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രത്തിനെതിരെ പോരാടാൻ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രതീരുമാനത്തിനെതിരെ വിപുലമായ കർമ്മ പദ്ധതി നടപ്പാക്കാൻ പാർലമെന്റ് അംഗങ്ങളായ കെ കേശവറാവുവിനും നാമ നാഗേശ്വറിനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി അടക്കമുള്ള നേതാക്കളും ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങളും കഴിഞ്ഞ ദിവസം ചന്ദ്രശേഖരറാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഗതി ഭവനിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചായിരുന്നു ചർച്ച. ഏകീകൃത സിവിൽ കോഡ് നടപ്പാക്കലിനെതിരെ നിലകൊള്ളണമെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയെ വിമർശിച്ച് റാവു രംഗത്തെത്തിയത്.