മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ 35 കാരനായ പ്രാദേശിക ബിജെപി നേതാവിനെ നെഞ്ചിൽ വെടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) പടിഞ്ഞാറൻ യുപി സോഷ്യൽ മീഡിയ ചുമതലക്കാരനായ നിഷാങ്ക് ഗാർഗാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നേതാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച കങ്കർഖേര പ്രദേശത്തെ കസ്ബ ബസാർ ഏരിയയിലാണ് സംഭവം.

്‌പൊലീസ് പറയുന്നത് അനുസരിച്ച്, ശനിയാഴ്ച രാവിലെ തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതായി ഗാർഗിന്റെ ഭാര്യ പൊലീസിനെ അറിയിച്ചതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി തന്റെ ഭർത്താവ് അമിതമായി മദ്യപിച്ചെത്തിയെന്നും തന്നെ മർദിച്ചതായും ഭാര്യ സോണിയ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഇരുവരും വഴക്കുണ്ടായെന്നും തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ താൻ അടുത്തുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയെന്നും ഭാര്യ പറയുന്നു.

രാവിലെ 6.30ന് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് നെഞ്ചിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗാർഗിനെ കണ്ടതെന്നുമാണ് ഇവർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ തോക്ക് കണ്ടെത്താനായിരുന്നില്ല. ഇതോടെ സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോൾ, തന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് ഗാർഗ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.