ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ കൂട്ടിലിടച്ചു. ബൊമ്മലപുരയിലാണ് സംഭവം. പ്രദേശത്ത് ഭീതി വിതച്ച് വിലസുന്ന കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ വനംവാച്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഒരു കൂട്ടിൽ അടയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഗുണ്ടൽപേട്ട് പോലീസ് ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ നടപടി, പ്രദേശത്തെ കടുവ ഭീഷണിയുടെ ഗൗരവം വനംവകുപ്പ് അധികൃതർ തിരിച്ചറിയണമെന്ന നാട്ടുകാരുടെ കടുത്ത അതൃപ്തിയാണ് വ്യക്തമാക്കുന്നത്.