പട്ന: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി കൊളീജയം നിരവധി തവണ സർക്കാറിനോട് ശുപാർശ ചെയ്തതിന് ഒടുവിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ നിയമിച്ചത്. ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസർക്കാർ നിയമിച്ചത്. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ്. 2011ലാണ് അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുൻപു നൽകിയ പല ശുപാർശകളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും കേന്ദ്രസർക്കാർ മടക്കി. തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ഡിസംബറിൽ ശുപാർശ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ നൽകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി.